Friday, September 17, 2010

ചെമ്മീന്‍ തീയല്‍

അടുക്കളയില്‍ ഇന്നൊരു കൊഞ്ച് (ചെമ്മീന്‍) വിഭവമാണുണ്ടാക്കുന്നത്.

ഇത് ഉണക്ക ചെമ്മീനാണു കേട്ടോ.

ഉണക്കച്ചെമ്മീന്‍ കൊണ്ട് തോരന്‍, ചമ്മന്തി, തീയല്‍ ഇങ്ങനെ പല വിഭവങ്ങളും ഉണ്ടാക്കാം ഇന്ന് ഉണക്കച്ചെമ്മീന്‍ തീയലായിക്കോട്ടെ.

ആവശ്യമായ സാധനങ്ങള്‍
ഉണക്ക ചെമ്മീന്‍ = 200 ഗ്രാം
തേങ്ങ = അര മുറി
ചെറിയ ഉള്ളി = 150 ഗ്രാം
മുളക് പൊടി = 2 റ്റീ സ്പൂണ്‍
മല്ലിപ്പൊടി = 2 റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി = 1/2 റ്റീ സ്പൂണ്‍
റ്റുമാറ്റോ (ഇടത്തരം) = 2 എണ്ണം
പച്ച മുളക് = 3 എണ്ണം
മുരിങ്ങയ്ക്ക = ഒരെണ്ണം
പുളി = അല്‍പം
കറിവേപ്പില = 2 തണ്ട്
വറ്റല്‍ മുളക് = 3 എണ്ണം
കടുക് എണ്ണ, ഉപ്പ് = ആവശ്യത്തിന്ന്

പാചക രീതി

ചെമ്മീന്‍ മണ്ണും അഴുക്കും കളഞ്ഞ് നന്നായി കഴുകുകി എടുക്കുക.




ഒരു ചീനച്ചട്ടിയിലോ, ഫ്രൈ പാനിലോ അല്‍പം എണ്ണ ഒഴിച്ച് തേങ്ങയും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. കരിയാതെ ചെറിയ തീയിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കണം. നന്നായി വറുത്തുകഴിഞ്ഞാല്‍ അതിലേയ്ക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒന്നു കൂടി വറുത്ത് വാങ്ങുക. തണുത്തതിനു ശേഷം മിനുസമായി അരച്ചെടുക്കുക.


അല്‍പം എണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പച്ച രുചി മാറിക്കഴിഞ്ഞാല്‍ നീളത്തില്‍ അരിഞ്ഞ റ്റുമാറ്റോ, ചെറിയ കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി വഴറ്റുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നാല്‍ കഴുകി വച്ചിരിക്കുന്ന ഉണക്കച്ചെമ്മീന്‍ ചേര്‍ക്കാം.

പുളി വേണമെങ്കില്‍ അല്‍പം പുളി കൂടി പിഴിഞ്ഞ് ചേര്‍ക്കുക. മീന്‍ പുളി ഇഷ്ടമുള്ളവര്‍ക്ക് അത് ചേര്‍ക്കാം. ഞാന്‍ മീന്‍ പുളിയാണു ചേര്‍ത്തത്.
ചെമ്മീന്‍ വെന്ത് ആവശ്യത്തിനു കുറുകിയാല്‍ വാങ്ങി വയ്ക്കാം. അധികം കുറുകാതെ ഇരിക്കുന്നതാണു നല്ലത്.

ഇനി ഇതിലേയ്ക്ക് കടുക്, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം.

ഉണക്കച്ചെമ്മീന്‍ തീയല്‍ റെഡി.

5 comments:

  1. ചോറിനു കറിയായ് അല്‍പം ചെമ്മീന്‍ തീയല്‍

    ReplyDelete
  2. വെറുതെ കൊതിപ്പിക്കല്ലേ.. ചെമ്മീന്‍ എനിക്ക് കഴിക്കാന്‍ പറ്റാറില്ല. ചെറിയ ഒരു അലര്‍ജ്ജി. പക്ഷെ ഇതൊക്കെ കാണുമ്പോള്‍ കൊതി തോന്നും. അങ്ങിനെ വല്ലപ്പോഴും കഴിക്കും.:)

    ReplyDelete
  3. ഞാനൊരു പാവം വെജിറ്റേറിയനാണേ. അതുകൊണ്ട് ഇതു നമുക്കു പറ്റൂല്ല!

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി

    ReplyDelete