Sunday, November 14, 2010

ഉന്നക്കായ






നേന്ത്രപ്പഴം (ഏത്തന്‍പഴം) കൊണ്ടുണ്ടക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് ഉന്നക്കായ.

ഇതിനെ ഉണ്ണിക്കായ എന്നും പറയാറുണ്ട്.



ഇനി ഉണ്ണിക്കായ ഉണ്ടാക്കാം.


ആദ്യമായി വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം


ഒത്തിരി സാധനങ്ങളൊന്നും ഇതിന് ആവശ്യമില്ല.






  • നന്നായി പഴുത്ത നേന്ത്രപ്പഴം = 4 എണ്ണം
  • തേങ്ങ = ഒരു മുറി
  • പഞ്ചസാര = വേണമെങ്കില്‍ മാത്രം ഒന്നോ രണ്ടോ സ്പൂണ്‍
  • ഏലക്ക പൊടിച്ചത് = ഒരു റ്റീ സ്പൂണ്‍

  • അണ്ടിപ്പരിപ്പ്, കിസ്മിസ് = ഇഷ്ടാനുസരണം
  • എണ്ണ = വറുക്കാന്‍ ആവശ്യത്തിന്

ഇനി നമുക്ക് ഉന്നക്കായ തയ്യാറാക്കാം.

നേന്ത്രപ്പഴം നന്നായി പഴുത്തതു കഷ്ണങ്ങളില്ലാതെ നന്നായി ഉടച്ചെടുക്കുക.


തേങ്ങ പൊടിപൊടിയായി തിരുമ്മിയെടുക്കുക.


ഇതിലേയ്ക്ക് പഞ്ചസാര, അണ്ടിപ്പരിപ്പ് നുറുക്കിയത്, കിസ്മിസ്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.






തേണ്ടാക്കൂട്ട് തയ്യാര്‍.


കൈവെള്ളയില്‍ എണ്ണമയം തടവി ഏത്തപ്പഴം ഉടച്ചത് അല്‍പം ഏടുത്ത് ആദ്യം ചെറിയ
ഉരുളകളാക്കുക.

മെല്ലേ ചെറിയ പൂരി പോലെ പരത്തുക.


ഇതാ ഇതുപോലെ.





ഇനി ഇതിന്റെ നടുക്ക് തേങ്ങാമിശ്രിതം വയ്ക്കുക.





ഇത് കണ്ടോ. ഇങ്ങനെ.


സാവധാനം ഇത് ഓവല്‍ ഷേയ്പ്പിന് മടക്കിയെടുക്കുക.




ഇനി തയാറാക്കി വച്ച ഉന്നക്കായകള്‍ എണ്ണയില്‍ വറുത്തൂകോരുക. സ്വര്‍ണ്ണ നിറത്തിലോ നല്ല ബ്രൗണ്‍ നിറത്തിലോ വറുത്തെടുക്കാം.





ഇതാ നല്ല ചൂടുള്ള ഉന്നക്കായ റെഡി.

Wednesday, October 20, 2010

കരിക്ക് പുഡിംഗ്

ഇനി തേങ്ങ വെട്ടിക്കുമ്പോള്‍ കുറച്ച് കരിക്ക് കൂടി വെട്ടിച്ചോളൂ. കൂട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള പുഡിംഗ് ഉണ്ടാക്കാം.


കരിക്ക് പുഡിംഗിന് ആവശ്യമായ സാധനങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

1 കരിക്ക് = 2 കപ്പ്
കരിക്കിന്‍ വെള്ളം = 1 1/2 കപ്പ്

2 മുട്ട = 2 എണ്ണം
പാല്‍ = 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് = 1 കപ്പ്
പഞ്ചസാര = 2 ടേബിള്‍ സ്പൂണ്‍

3 ജലാറ്റിന്‍ = 2 ടേ. സ്പൂണ്‍
വെള്ളം = 1/4 കപ്പ്


4 വനില എസന്‍സ് = 1 റ്റീ സ്പൂണ്‍


5 കിസ്മിസ്, ബദാം, അണ്ടിപ്പരിപ്പ് = അലങ്കരിക്കാന്‍


ഇനി നമുക്ക് കരിക്ക് പുഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.





കരിക്ക് ചെറിയ കഷണങ്ങളായി ചുരണ്ടിയെടുക്കുക.





മുട്ട ഉണ്ണിയും വെള്ളയും വേര്‍തിരിച്ചെടുക്കണം. ഒരു പാത്രത്തില്‍ മുട്ടയുടെ ഉണ്ണിയെടുത്ത് നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേയ്ക്ക് രണ്ടാമത്തെ ചേരുവകളിലെ ബാക്കിയുള്ളചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.







ഈ കൂട്ട് ഒരു പാത്രത്തിലാക്കി ഡബിള്‍ ബോയിലിംഗ് രീതിയില്‍ കുറുക്കുക. (ഒരു പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് വച്ച് നേരിട്ടല്ലാതെ ചൂടാക്കുന്ന രീതി). ഇത് നല്ലതു പോലെ കുറുക്കി എടുക്കുക. ഇനി ഇത് അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വയ്ക്കണം.

ജലാറ്റിന്‍ വെള്ളത്തില്‍ കലക്കി അതും മേല്‍പ്പറഞ്ഞ രീതിയില്‍ ഉരുക്കുക.




ഇനി മുട്ടയുടെ വെള്ള അടിച്ച് പതപ്പിക്കാം. ഇതിലേയ്ക്ക് എസന്‍സ് ചേര്‍ത്ത് ഇളക്കുക.




ആദ്യം തയ്യാറാക്കിയ കൂട്ട് തണുത്ത് കഴിഞ്ഞാല്‍ ഇതിലേയ്ക്ക് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചതും ജലാറ്റിന്‍ ഉരുക്കിയതും ചേര്‍ത്ത് യോജിപ്പിക്കുക.




ഇത് ഒരു പാത്രത്തിലാക്കി. സെറ്റ് ചെയ്യാന്‍ ഫ്രീസറില്‍ വയ്ക്കാം. നല്ലതുപോലെ സെറ്റായി കഴിഞ്ഞാല്‍ ഫ്രീസറില്‍ നിന്ന് മാറ്റി ഫ്രിഡ്ജിലെ മറ്റേതെങ്കിലും തട്ടില്‍ വയ്ക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.




കരിക്ക് പുഡിംഗ് തയ്യാര്‍.






ഇനി കുട്ടികള്‍ക്ക് വിളമ്പിക്കോളൂ. മുതിര്‍ന്നവര്‍ക്കും എടുക്കാം കേട്ടോ.

Tuesday, October 12, 2010

പാലക് പനീര്‍

ചപ്പാത്തിയ്ക്കൊപ്പം കഴിക്കാന്‍ പറ്റിയ നല്ലൊരു ഉത്തരേന്ത്യന്‍ വിഭവമാണ് പാലക് പനീര്‍. ഉണ്ടാക്കാനും എളുപ്പമാണ്. പനീറിനു പകരം ഉരുളന്‍ കിഴങ്ങ് ചേര്‍ത്തും ഉണ്ടാക്കാം. അപ്പോള്‍ ആലൂ പാലക് ആകും.



ആവശ്യമുള്ള സാധനങ്ങള്‍




പാലക് = ഒരു കെട്ട്
പനീര്‍ = 100 ഗ്രാം
ജീരകം = 1 റ്റീ സ്പൂണ്‍
സവാള = 2 ഇടത്തരം
തക്കാളി = 2 ഇടത്തരം
ഇഞ്ചി ചതച്ചത് = 1/2 റ്റീ സ്പൂണ്‍
വെളുത്തുള്ളി = 1/2 റ്റീ സ്പൂണ്‍
പച്ചമുളക് = ഒന്നോ രണ്ടോ
മല്ലിപ്പൊടി = 2 റ്റീ സ്പൂണ്‍
മുളക് പൊടി = 1/2 റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി = 1/2 റ്റീ സ്പൂണ്‍
ജീരകപ്പൊടി = 1/4 റ്റീ സ്പൂണ്‍
ഗരം മസാല = 1/2 റ്റീ സ്പൂണ്‍
ഉപ്പ് = ആവശ്യത്തിന്
എണ്ണ/നെയ്യ്/വെണ്ണ = 2 റ്റേബിള്‍ സ്പൂണ്‍
മല്ലിയില = അല്‍പം

പാചകരീതി

പാലക് ചീര തണ്ട് കളഞ്ഞ് നന്നായി കഴുകുക. പ്രഷര്‍ കുക്കറില്‍ പാലക് രണ്ടോ മൂന്നോ വിസില്‍ കേള്‍പ്പിക്കുക.


തണുത്തതിനു ശേഷം മിക്സിയില്‍ അടിച്ച് ഇതുപോലെ നല്ല കുഴമ്പു പോലെ ആക്കുക.



ഒരു ഫ്രൈ പാനില്‍ എണ്ണയോ നെയ്യോ വെണ്ണയോ ഏതാണ് ഇഷ്ടമുള്ളത് അതെടുക്കുക. ഞാനിവിടെ നെയ്യാണ് എടുത്തത്. ഏണ്ണ ആയാലും കുഴപ്പമില്ല. ഏതായാലും വെളിച്ചെണ്ണ വേണ്ട.


എണ്ണ/നെയ്യ് ചൂടാകുമ്പോള്‍ പനീര്‍ ഇതു പോലെ ഗോള്‍ഡന്‍ കളറില്‍ വറുത്ത് കോരുക.


ബാക്കി എണ്ണയില്‍ ജീരകം വറുക്കുക. സവാള ചെറുതായിട്ട് അരിഞ്ഞത് ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴളുമ്പോള്‍ ചെറുതായി അരിഞ്ഞ തക്കാളിയും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം. തവികൊണ്ട് നന്നായി ഉടച്ച് ചേര്‍ക്കണം.


ഇനി ഇതിലേയ്ക്ക് പാലക് അരച്ചു വച്ചത് ചേര്‍ക്കാം.


വേണമെങ്കില്‍ എല്ലാം കൂടി ഒന്ന് കൂടി മിക്സിയില്‍ അടിച്ചെടുക്കാം. ഞാന്‍ തവികൊണ്ട് ഉടച്ച് ചേര്‍ക്കുകയാണ് പതിവ്.


ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.

ഇനി ഇതിലേയ്ക്ക് വറുത്തു വച്ചിരിക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ക്കാം.



അല്‍പം വെണ്ണ അല്ലെങ്കില്‍ നെയ്യ് ഒഴിച്ച് അരിഞ്ഞ മല്ലിയിലയും വിതറി അലങ്കരിക്കാം.



പാലക് പനീര്‍ തയ്യാര്‍.




പനീറിനു പകരം ഉരുളന്‍ കിഴങ്ങ് വേവിച്ച് കഷ്ണങ്ങളാക്കി ചേര്‍ത്താല്‍ ആലൂ പാലക് തയ്യാറാക്കാം. ഇത് രണ്ടും ചപ്പത്തിയുടെ കൂടെ നല്ലൊരു കറിയാണ്.

Sunday, September 26, 2010

രസം, വട, രസവട



വട


ആവശ്യമുള്ള സാധനങ്ങള്‍

വടപ്പരിപ്പ് = 1/4 കി.
ചെറിയ ഉള്ളി = 100 ഗ്രാം
ഇഞ്ചി = ഒരു ചെറിയ കക്ഷണം
കായപ്പൊടി = 1/4 റ്റീ സ്പൂണ്‍
പെരും ജീരകം = 1/4 റ്റീ സ്പൂണ്‍
പച്ച മുളക് = 5 എണ്ണം
കറിവേപ്പില, ഉപ്പ്, എണ്ണ = ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി

പരിപ്പ് 20 മുതല്‍ 25 മിനുട്ട് വരെ കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക.
ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക.


പരിപ്പ് മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ചതച്ച് എടുക്കുക. അരഞ്ഞു പോകരുത്.

അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളെല്ലം ഇതില്‍ നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും കായപ്പൊടിയും, പെരും ജീരകവും കൂടി ഇതിലേയ്ക്ക് നന്നായി ഇളക്കി ചേര്‍ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. കുഴച്ച് വച്ചിരിക്കുന്ന കൂട്ട് കൈ വെള്ളയില്‍ എടുത്ത് ആകൃതി വരുത്തി ഒന്നമര്‍ത്തി തിളച്ച എണ്ണയില്‍ വറുത്ത് കോരുക.

വട റെഡി.
രസം


ആവശ്യമുള്ള സാധനങ്ങള്‍

പുളി = ഒരു നെല്ലിക്ക വലിപ്പത്തിന്
വെളുത്തുള്ളി = 4 അല്ലി

മുളക് പൊടി = 1/2 റ്റീ സ്പൂണ്‍
പച്ചമല്ലി ചതച്ചത് = 1/4 റ്റീ സ്പൂണ്‍

കുരുമുളക് പൊടി = 1/4 റ്റീ സ്പൂണ്‍

കായപ്പൊടി = ഒരു നുള്ള്

ഉലുവപ്പൊടി = ഒരു നുള്ള്
മഞ്ഞപ്പൊടി = ഒരു നുള്ള്
മല്ലിയില, ഉപ്പ് = ആവശ്യത്തീന്
താളിക്കാന്‍

വറ്റല്‍ മുളക് = 2 എണ്ണം
ചെറിയ ഉള്ളി = 1 എണ്ണം
കടുക് = 1 റ്റീ സ്പൂണ്‍
കറിവേപ്പില = 2 തണ്ട്
എണ്ണ = ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

3 ഗ്ലാസ്സ് വെള്ളത്തില്‍ പുളി നന്നായി കലക്കി അരിച്ചെടുക്കുക.

വെളുത്തൂള്ളി ചതച്ചതും പച്ച മല്ലി ചതച്ചതും ചേര്‍ത്ത് മറ്റുള്ള മസാലകളും എല്ലാം കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. 2 മിനുട്ട് നന്നായി തിളയ്ക്കട്ടെ.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കുക.


ഇതിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കുക. രസം തയ്യാര്‍.


രസവട




രസവും വടകളും തയ്യാറാക്കിയല്ലോ. ഇനി രസവട തയ്യാറാക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രസം തണുത്തതിന് ശേഷം വടകള്‍ ഇതിലിട്ട് വയ്ക്കുക. വടകള്‍ രസത്തില്‍ നന്നായി കുതിര്‍ന്നതിനു ശേഷം ഉപയോഗിക്കാം.

Friday, September 17, 2010

ചെമ്മീന്‍ തീയല്‍

അടുക്കളയില്‍ ഇന്നൊരു കൊഞ്ച് (ചെമ്മീന്‍) വിഭവമാണുണ്ടാക്കുന്നത്.

ഇത് ഉണക്ക ചെമ്മീനാണു കേട്ടോ.

ഉണക്കച്ചെമ്മീന്‍ കൊണ്ട് തോരന്‍, ചമ്മന്തി, തീയല്‍ ഇങ്ങനെ പല വിഭവങ്ങളും ഉണ്ടാക്കാം ഇന്ന് ഉണക്കച്ചെമ്മീന്‍ തീയലായിക്കോട്ടെ.

ആവശ്യമായ സാധനങ്ങള്‍
ഉണക്ക ചെമ്മീന്‍ = 200 ഗ്രാം
തേങ്ങ = അര മുറി
ചെറിയ ഉള്ളി = 150 ഗ്രാം
മുളക് പൊടി = 2 റ്റീ സ്പൂണ്‍
മല്ലിപ്പൊടി = 2 റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി = 1/2 റ്റീ സ്പൂണ്‍
റ്റുമാറ്റോ (ഇടത്തരം) = 2 എണ്ണം
പച്ച മുളക് = 3 എണ്ണം
മുരിങ്ങയ്ക്ക = ഒരെണ്ണം
പുളി = അല്‍പം
കറിവേപ്പില = 2 തണ്ട്
വറ്റല്‍ മുളക് = 3 എണ്ണം
കടുക് എണ്ണ, ഉപ്പ് = ആവശ്യത്തിന്ന്

പാചക രീതി

ചെമ്മീന്‍ മണ്ണും അഴുക്കും കളഞ്ഞ് നന്നായി കഴുകുകി എടുക്കുക.




ഒരു ചീനച്ചട്ടിയിലോ, ഫ്രൈ പാനിലോ അല്‍പം എണ്ണ ഒഴിച്ച് തേങ്ങയും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. കരിയാതെ ചെറിയ തീയിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കണം. നന്നായി വറുത്തുകഴിഞ്ഞാല്‍ അതിലേയ്ക്ക് മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒന്നു കൂടി വറുത്ത് വാങ്ങുക. തണുത്തതിനു ശേഷം മിനുസമായി അരച്ചെടുക്കുക.


അല്‍പം എണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പച്ച രുചി മാറിക്കഴിഞ്ഞാല്‍ നീളത്തില്‍ അരിഞ്ഞ റ്റുമാറ്റോ, ചെറിയ കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി വഴറ്റുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നാല്‍ കഴുകി വച്ചിരിക്കുന്ന ഉണക്കച്ചെമ്മീന്‍ ചേര്‍ക്കാം.

പുളി വേണമെങ്കില്‍ അല്‍പം പുളി കൂടി പിഴിഞ്ഞ് ചേര്‍ക്കുക. മീന്‍ പുളി ഇഷ്ടമുള്ളവര്‍ക്ക് അത് ചേര്‍ക്കാം. ഞാന്‍ മീന്‍ പുളിയാണു ചേര്‍ത്തത്.
ചെമ്മീന്‍ വെന്ത് ആവശ്യത്തിനു കുറുകിയാല്‍ വാങ്ങി വയ്ക്കാം. അധികം കുറുകാതെ ഇരിക്കുന്നതാണു നല്ലത്.

ഇനി ഇതിലേയ്ക്ക് കടുക്, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം.

ഉണക്കച്ചെമ്മീന്‍ തീയല്‍ റെഡി.

Wednesday, April 1, 2009

തേങ്ങാ ബര്‍ഫി



ആദ്യമായി വിളമ്പുന്നതല്ലേ അല്‍പം മധുരം തന്നെ ഇരിക്കട്ടെ.


ആവശ്യമുള്ള സാധനങ്ങള്‍: -


തേങ്ങ ചിരകിയത് : 3 കപ്പ്
ഖോയ :1 കപ്പ്
(ഡ്രൈ ചെയ്ത പാല്‍‍ക്കട്ടിയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും.)
പാല്‍ : 3 കപ്പ്
പഞ്ചസാര : 1 1/2 കപ്പ്
നെയ്യ് : 2 വലിയ സ്പൂണ്‍
ഏലയ്ക്ക : 4 / 5 എണ്ണം
അണ്ടിപ്പരിപ്പ് പൊടിച്ചത് : 1/2 കപ്പ്
കളര്‍ : ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം.

(പാല്‍, പഞ്ചസാര, ഖോയ എന്നിവയ്ക്കു പകരം മില്‍ക് മെയ്ഡ് ഉപയോഗിച്ചാലും മതിയാകും.)


തയ്യാറാക്കുന്ന വിധം :-

ചിരകിയ തേങ്ങ, പാല്‍, പഞ്ചസാര, ഏലയ്യ്ക്ക പൊടിച്ചത് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കൂട്ട് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നന്നായി കുറുകുന്നതു വരെ വേവിക്കുക. തുടരെ ഇളക്കികൊണ്ടിരിക്കണം.




നന്നായി കുറുകി കഴിഞ്ഞാല്‍ ഇതിലേക്ക് ഖോയ ചേര്‍ത്ത് വീണ്ടും ഇളക്കുക. തീ കുറച്ചു വേണം പാചകം ചെയ്യാന്‍. ആവശ്യത്തിനുള്ള കട്ടി ആയി കഴിഞ്ഞാല്‍ ഇതിലേക്ക് നെയ്യ് ചേര്‍ക്കാം. ഇതോടൊപ്പം ആവശ്യമുണ്ടെങ്കില്‍ എതെങ്കിലും ഫുഡ് കളര്‍ ചേര്‍ക്കാവുന്നതാണ്. നെയ്യ് നന്നായി ഇളകി ചേര്‍ന്നാല്‍ അടുപ്പില്‍ നിന്ന് വാങ്ങാം. നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി സ്പൂണ്‍ കൊണ്ട് ഒന്ന് അമര്‍ത്തി ആകൃതി വരുത്തുക. ഇതിനു മീതെ പൊടിച്ചു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേര്‍ക്കാം. അണ്ടിപ്പരിപ്പിനു പകരം പിസ്തയും ഉപയോഗിക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.